
സുബ്രഹ്മണ്യൻ
ചതുർബാഹുവായ ശ്രീ സുബ്രഹ്മണ്യനാണ് തമ്പുരാൻകുന്ന് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശിവസുതനും ദേവസേനാപതിയുമാണ് സുബ്രഹ്മണ്യൻ. ബ്രാഹ്മണ്യം എന്നത് ശിവനെ കുറിക്കുന്നു. അതിനോട് ശ്രേയസിനെ കുറിക്കുന്ന -സു- എന്ന ഉപസർഗം ചേർത്ത് സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന് സ്കന്ദപുരാണം പറയുന്നു. വേദഗോബ്രാഹ്മണരുടെ രക്ഷാകർത്താവെന്നും ഈ പദത്തിനർഥമുണ്ട്. മുരുകൻ, കുമാരൻ, ഗുഹൻ, സ്കന്ദൻ, കാർത്തികേയൻ, ശരവണൻ, ഷണ്മുഖൻ എന്നിങ്ങനെ സുബ്രഹ്മണ്യന് ഒട്ടേറെ പേരുകളുണ്ട്.
ശരവണക്കാട്ടിൽ ജനിച്ച കുട്ടിയാണ് സുബ്രഹ്മണ്യൻ. ജനനശേഷം മലർന്ന് കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ് ദിവ്യകൃത്തിമാർ കണ്ടു. അവർ കുഞ്ഞിനെ മുലയൂട്ടനായി തർക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി. അപ്പോൾ കുഞ്ഞിന് ആറ് തലകൾ ഉണ്ടായി; ആറു തലകൾ ഷൺമുഖനെന്ന പേരും നേടിക്കൊടുത്തു. കൃത്തികമാർ മുലകൊടുത്തു വളർത്തിയതിനാൽ ആ കുട്ടി കാർത്തികേയനായി.
ജനനത്തിന്റെ വിവിധ ഘട്ടങ്ങൾക്ക് ഉത്തരവാദിയായവരുടെ എല്ലാം മകനായി സുബ്രഹ്മണ്യൻ മാറി;വിവിധ പേരുകളും സിദ്ധിച്ചു. സുബ്രഹ്മണ്യൻയോഗബലത്താൽ കുമാരൻ,വിശാഖൻ,ശാഖൻ,നൈഗമേയൻ എന്ന പേരുകളിൽ നാല് ശരീരം സ്വീകരിച്ചു. ഗുഹൻ എന്ന പേരിൽ ശിവന്റേയും,സ്കന്ദൻ എന്ന പേരിൽ പാർവതിയുടേയും, മഹാസേനൻ എന്ന പേരിൽ അഗ്നിയുടേയും, കുമാരൻ എന്നപേരിൽ ഗംഗയുടേയും ശരവണനെന്ന പേരിൽ ശരവണത്തിന്റേയും കാർത്തികേയനെന്ന പേരിൽ കൃത്തികമാരുടേയും പുത്രനായി സുബ്രഹ്മണ്യൻ അറിയപ്പെട്ടു.
മറ്റു നാമങ്ങൾ
-
സ്കന്ദൻ
-
ഗുഹൻ
-
ഷണ്മുഖൻ
-
വേലൻ
-
വേലായുധൻ
-
കാർത്തികേയൻ
-
ആറുമുഖൻ
-
കുമരൻ
-
മയൂരവാഹനൻ
-
സുബ്രഹ്മണ്യൻ
-
മുരുകൻ
-
ശരവണൻ
-
വടിവേലൻ
-
വള്ളിമണാളൻ
-
ബാഹുലേയൻ
ആറുപടൈ വീടുകൾ
തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന, ശിവപാർവതിമാരുടെ പുത്രനായ ശ്രീ സുബ്രഹ്മണ്യന്റെ ആറു ദിവ്യക്ഷേത്രങ്ങളാണ് ആറുപടൈ വീടുകൾ (തമിഴ്: அறுபடைவீடுகள்)എന്ന് അറിയപ്പെടുന്നത്. തമിഴ് സംഘം സാഹിത്യത്തിലും ആറുപടൈവീടുകളെകുറിച്ച് പരാമർശിക്കപ്പെടുന്നുണ്ട്. സംഘകാലകൃതികളായ "തിരുമുരുകാട്രുപടൈ", "തിരുപ്പുകഴ്" എന്നിവ അവയിൽ ചിലതാണ്. തിരുത്തണി മുരുകൻ ക്ഷേത്രം, സ്വാമിമലൈ മുരുകൻ ക്ഷേത്രം, പഴനി മുരുകൻ ക്ഷേത്രം, പഴമുതിർചോലൈ മുരുകൻ ക്ഷേത്രം, തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം, തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രം എന്നിവയാണ് മുരുകന്റെ ആറുപടൈവീടുകൾ എന്ന് അറിയപ്പെടുന്ന ആറു ക്ഷേത്രങ്ങൾ.
ആറുപടൈ വീടുകൾ

സ്ഥാനം: പഴനിമല ജില്ല: ഡിണ്ടിഗൽ പഴനി മലയുടെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിച്ചെയ്യുന്നത്.

സ്ഥാനം: സ്വാമിമല ജില്ല: തഞ്ചാവൂർ കാവേരിയുടെ ഒരു പോഷകനദിയുടെ തീരത്ത് സ്വാമി മല എന്ന കുന്നിന്മുകളിലായി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു

സ്ഥാനം: തിരുച്ചെന്തൂർ ജില്ല: തൂത്തുക്കുടി തൂത്തുകുടിയിൽ സമുദ്രത്തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

സ്ഥാനം: തിരുപ്പറങ്കുൻറം ജില്ല: മതുരൈ ക്ഷേത്ര ഐതിഹ്യപ്രകാരം സുബ്രഹ്മണ്യസ്വാമി ദേവയാനിയെ വിവാഹം കഴിച്ചത് ഇവിടെ വെച്ചാണ്

സ്ഥാനം: തിരുത്തണി ജില്ല: തിരുവള്ളൂർ തമിഴ്നാട്ടിൽ ചെന്നൈക്ക് സമീപമാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

സ്ഥാനം: പഴമുതിർചോലൈ ജില്ല: മതുരൈ മതുരൈ ജില്ലയിൽ "നുപുര ഗംഗൈ" എന്ന ഒരു ചെറു അരുവിയുടെ സമീപമായാണ് പഴമുതിർചോലൈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.